രാത്രി
പകലിന്റെ ശബ്ദങ്ങളെ വെടിഞ്ഞ് നിദ്ര തൻ നിശബ്ദതയുടെ കൈ പിടിക്കാൻ അവൾ കണ്ണടച്ചു.
മരണം!
ദുഃസ്വപ്നങ്ങളിൽ മരണം ഒരു അസുരനെ പോലെ അവളുടെ പ്രിയപെട്ടവരെ അപഹരിച്ച് തന്റെ തേരിലേക്ക് വലിച്ചെറിഞ്ഞു. നിസ്സഹായയായി പിന്നാലെയോടാൻ ശ്രമിച്ചപ്പോൾ തന്റെ കൈകാലുകൾ ആരോ ബന്ധിച്ചിരിക്കുന്നു. മരണം അവളെ നോക്കി അട്ടഹസിച്ചു കൊണ്ട് രഥ്യകൾ പിന്നിട്ടു. നിലയ്ക്കാത്ത നിലവിളി അതിന്റെ പാരമ്യത്തിൽ നിശബ്ദതയെ പുൽകി. ഭീതിയോടെ അവൾ അറിഞ്ഞു തന്റെ കഴുത്തിൽ അമരുന്ന ഏതോ അജ്ഞാത കൈകൾ.
ബലമായി അടച്ച കണ്ണുകൾ ശക്തമായി തുറന്ന് അവൾ ഇരുട്ടിനെ നോക്കി. ആശ്വാസത്തിന്റെ നനുത്ത സ്പർശം അവളറിഞ്ഞു. അതൊരു ദുഃസ്വപ്നമായിരുന്നു. ദാഹജലത്തിനായി കൈ നീട്ടിയപ്പോൾ ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു - തന്നെ ഒരു അജ്ഞാതൻ ബന്ധിച്ചിരിക്കുന്നു. ഇരുട്ടിൽ തിളങ്ങിയ കണ്ണുകൾ കണ്ടലറാൻ വയ്യാതെ അവളുടെ വരണ്ട നാവ് നിശ്ചലമായി. വീണ്ടും ഒരു ദുഃസ്വപ്ന സഞ്ചാരത്തിനായി അവൾ കണ്ണടച്ചു.
Comments
Post a Comment